ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അനധികൃതമായി സമ്പാദിച്ച 70 കോടിരൂപയുടെ സ്വത്ത് അഴിമതി വിരുദ്ധ ബ്യൂറോ കണ്ടുകെട്ടി. മാല്‍കജ്ഗിരി എ.സി.പി യെല്‍മകുരി നരസിംഹ റെഡ്ഢിക്കെതിരായ പരാതിയില്‍ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡിലാണ് 70 കോടിയിലധികം വിലവരുന്ന സ്വത്ത് പിടികൂടിയത്.
നരസിംഹ റെഡ്ഢിയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുള്ള സ്ഥലങ്ങളിലും നടത്തിയ റെയ്ഡിലാണ് വന്‍തുകയുടെ ഭൂസ്വത്ത് ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 25 സ്ഥലങ്ങളിലാണ് എ.സി.ബി സംഘം റെയ്ഡ് നടത്തിയത്.
തെലങ്കാനയിലെ ഹൈദരാബാദ്, വാറങ്കല്‍, ജാങ്കോണ്‍, നല്‍ഗോണ്ട, കരീം നഗര്‍ തുടങ്ങിയ ജില്ലകളിലും ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലുമാണ് റെയ്ഡ് നടന്നത്. അനന്തപുരില്‍നിന്ന് 55 ഏക്കര്‍ വരുന്ന കൃഷിഭൂമിയും രണ്ട് വീടുകളും മറ്റ് നിരവധി ഇടങ്ങളില്‍ ഭൂമിയും രണ്ട് ബാങ്ക് ലോക്കറുകളിലായി 15 ലക്ഷം രൂപയും റിയല്‍ എസ്‌റ്റേറ്റിലുള്‍പ്പെടെ നിക്ഷേപം നടത്തയതിന്റെ നിരവധി രേഖകളും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം റെയ്ഡ് തുടരുകയാണ്.