തിരുവനന്തപുരം : വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഐ) ലംഘനം ഉണ്ടായാൽ സിബിഐക്ക് അന്വേഷിക്കാൻ നേരത്തെ അനുവാദം നൽകിയ സർക്കാർ ഇപ്പോൾ അതിനെതിരെ കോടതിയിൽ പോകുകയാണെന്നു രമേശ് ചെന്നിത്തല. എഫ്സിആർഐ ലംഘനത്തിൽ കേസ് എടുക്കാൻ 2017ലാണ് സംസ്ഥാന സർക്കാർ സിബിഐയ്ക്ക് അനുമതി നൽകിയത്. ലൈഫ് മിഷനിലെ അഴിമതി പിടിക്കുമെന്നായപ്പോൾ സ്വന്തം ഉത്തരവിനെതിരെ സർക്കാർ പടപൊരുതുകയാണ്. ഇതിനായി വൻ തുക മുടക്കി അഭിഭാഷകനെ വാദിക്കാൻ നിയോഗിച്ചു.
എന്നാൽ അന്വേഷണം തുടരാൻ കോടതി പറഞ്ഞത് സർക്കാരിനേറ്റ പ്രഹരമാണ്. ഈ കേസ് പിൻവലിച്ച് സിബിഐ അന്വേഷണത്തോട് സഹകരിക്കാൻ സർക്കാർ തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു. 50,000 പേർക്ക് ജോലി കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വ്യാജമാണ്. സാധാരണക്കാർക്ക് തൊഴിൽ നൽകാതെ സ്വന്തക്കാരെ വിവിധ സ്ഥാപനങ്ങളിൽ തിരുകി കയറ്റുകയാണ് സർക്കാർ. വകുപ്പുകളിലെ പിൻവാതിൽ നിയമനങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയെങ്കിലും ന്യായീകരിക്കുന്ന മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചത്. അവസാനം നൽകിയ കത്തിനു മറുപടി ലഭിച്ചിട്ടില്ല. കരാർ നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.