തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്‍. പാര്‍ട്ടി പ്രവര്‍ത്തനത്തിലും എഴുത്തിലും ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. എല്‍ഡിഎഫ് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിക്കുക അടുത്ത തവണ വിട്ടുകൊടുക്കുക എന്നതാണ് തന്റെ പതിവെന്നും സി. ദിവാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
മത്സര രംഗത്ത് വരാന്‍ ഉദ്ദേശിക്കുന്നില്ല. തീരുമാനമെടുക്കുന്നത് പാര്‍ട്ടിയാണ്. യുഡിഎഫിന്‍റെ സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു മത്സരിച്ചപ്പോഴെല്ലാം ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് മാറുകയാണ്. ഒരു മണ്ഡലത്തിനുള്ളിലെ മാത്രം പ്രവര്‍ത്തനങ്ങളിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ല. എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരുപാട് അപ്രിയസത്യങ്ങള്‍ എഴുത്തിലുണ്ടാകും.
പാര്‍ട്ടിക്കുള്ളിലുള്ള കാര്യങ്ങളും എഴുത്തിലുണ്ടാകും. വ്യക്തിപരമായി ഉണ്ടായ അനുഭവങ്ങള്‍ എഴുതുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ജയപ്രതീക്ഷയുണ്ടായിരുന്നെന്നും ബിജെപി വിരുദ്ധ വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂരിന് ലഭിച്ചത് തന്റെ തോല്‍വിക്കിടയാക്കിയെന്നും സി. ദിവാകരന്‍ പറഞ്ഞു.