തിരുവനന്തപുരം : സി.പി.ഐ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പരസ്യ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ സി ദിവാകരൻ. സമ്മേളനത്തിൽ മുഖ്യചർച്ചയാകുന്ന പ്രായപരിധി നടപ്പാക്കൽ ചൂണ്ടിക്കാട്ടിയാണ് സി ദിവാകരന്‍റെ വിമർശിച്ചത്. പ്രായപരിധി 75 ആക്കുമെന്ന നിർദ്ദേശം ഒരിക്കലും അംഗീകരിക്കില്ല. പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധമാണ്.
സഖാക്കളുടെ പ്രവർത്തനഘടകം തീരുമാനിക്കേണ്ടത് പ്രായം നോക്കിയല്ല. കഴിയാവുന്നത്ര സമയം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നവരെ നിലനിർത്തിക്കൊണ്ട് കൊണ്ട് വേണം മുന്നോട്ട് പോകാൻ. സമ്മേളനത്തിൽ ഇതേ നിലപാട് താൻ ഉയർത്തുമെന്നും ദിവാകരൻ പറഞ്ഞു. സെക്രട്ടറി സ്ഥാനം സംബന്ധിച്ച് ഉയരുന്ന ചർച്ചകളെ ദിവാകരൻ സ്വാഗതം ചെയ്‌തു.
ഇത് ശുഭ സൂചനയാണെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് ദിവാകരന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പദവിയിൽ പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെയെന്ന് ദിവാകരൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കുറി മത്സരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാറ്റങ്ങളെ നാം ഭയക്കേണ്ട കാര്യമില്ലന്നും യുവാക്കൾക്ക് പ്രാതിനിധ്യം നൽകുക തന്നെ വേണം. എന്നാൽ അത് ഗൂഢലക്ഷ്യങ്ങളോടെയാകരുതെന്നും ദിവാകരൻ കൂട്ടിച്ചേര്‍ത്തു. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തുടരണമോ എന്ന കാര്യം പാർട്ടി സമ്മേളനം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.