കരുനാഗപ്പള്ളി : സി.ആര്‍ മഹേഷ് കരുനാഗപ്പള്ളിയില്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍ മഹേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ഇപ്പോള്‍ പുറത്തുവരുന്ന സര്‍വ്വേ ഫലങ്ങളില്‍ വ്യക്തതയില്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്ന സര്‍വ്വേ ആണെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനകീയനായ സി.ആര്‍ മഹേഷിനെ ആര്‍.എസ്.എസ്സുകാരനായി ചിത്രീകരിക്കുവാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം കരുനാഗപ്പള്ളിയില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
2016 ലെ തെരഞ്ഞെടുപ്പില്‍ 1759 വോട്ടിനാണ് സി.ആര്‍ മഹേഷ് സി.പി.ഐയുടെ ആര്‍.രാമചന്ദ്രന്‍നായരോട് പരാജയപ്പെട്ടത്. എം.എല്‍.എ ആയില്ലെങ്കിലും മഹേഷ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ സജീവമായിരുന്നു. ജനങ്ങളുടെ ഏതാവശ്യത്തിനും ഓടിയെത്തുന്ന മഹേഷ് ഇന്ന് കരുനാഗപ്പള്ളിക്കാര്‍ക്ക് സ്വന്തം മകനും സഹോദരനുമൊക്കെയാണ്. വിജയത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്ന് സി.ആര്‍ മഹേഷ് പത്തനംതിട്ട മീഡിയായോട് പറഞ്ഞു.