ബിഹാര്‍ : ഈ വര്‍ഷം നടക്കുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നേരിടുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബിഹാറിലെ വൈശാലിയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും ജെ.ഡി.യുവും ഒരുമിച്ച് മത്സരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ കുപ്രചരണങ്ങളും അവസാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാറില്‍ എന്‍.ആര്.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. നിതീഷിന്റെ പ്രസ്താവന കേന്ദ്രസര്‍ക്കാറിന് കടുത്ത തിരിച്ചടിയായിരുന്നു. ബിഹാര്‍ എന്‍.ഡി.എയില്‍ പ്രശ്നങ്ങളുണ്ടെന്നും ബി.ജെ.പിയും ജെ.ഡി.യുവും വേര്‍പിരിയുകയാണെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന.