ചണ്ഡിഗഢ്: പ്രധാനമന്ത്രി മോദിക്കു പിന്നാലെ ബിജെപി മുഖ്യമന്ത്രിക്കും പൗരത്വ രേഖകളില്ലെന്ന് വിവരാവകാശം. ദേശീയ പൗരത്വ നിയമം നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാര്‍ കൈവശമില്ലെന്ന് വിവരാവകാശ രേഖ. പൗരത്വം തെളിയിക്കുന്ന രേഖകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുളള വിവരാവകാശ നിയമപ്രകാരമുളള അപേക്ഷയിന്മേലുളള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് പുറമേ ക്യാബിനറ്റ് മന്ത്രിമാരുടെയും ഗവര്‍ണറുടെയും പൗരത്വം തെളിക്കുന്ന രേഖകളും സര്‍ക്കാര്‍ കൈവശമില്ലെന്ന് വിവരാവകാശ അപേക്ഷയിന്മേലുളള മറുപടിയില്‍ വ്യക്തമാക്കുന്നു ഹരിയാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ .
പൗരത്വം തെളിയിക്കുന്ന രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം കാണാമെന്നും മറുപടിയില്‍ പറയുന്നു. പാനിപത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. ഇതിന് നല്‍കിയ മറുപടിയിലാണ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഒന്നും സര്‍ക്കാരിന്റെ കൈവശമില്ല എന്ന് മറുപടി നല്‍കിയിട്ടുള്ളത്.
സെപ്റ്റംബറിലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്ത് ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ വാഗ്ദാനം നല്‍കിയിരുന്നു. അനധികൃത കുടിയേറ്റം ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്നായിരുന്നു ഖട്ടാറിന്റെ ന്യായീകരണം.