കോഴിക്കോട് : പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്ന് സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതൽവാദ്. തൊഴിലാളികളെയും ദളിതരെയും ആദിവാസികളെയും കുടിയേറ്റക്കാരെയും ന്യൂനപക്ഷങ്ങളെയുമെല്ലാം ഒരുപോലെ ലക്ഷ്യമിടുന്നതാണ് ഈ നിയമം. സ്വന്തം അസ്‌തിത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ അനുവദിക്കരുതെന്നും ടീസ്‌ത പറഞ്ഞു.
കോഴിക്കോട്ട് നടന്ന ‘കേരളത്തിന്റെ ഫാസിസ്‌റ്റ് വിരുദ്ധ പ്രഖ്യാപനം’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. നിയമ ഭേദഗതിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് അഭിനന്ദനാർഹമാണെന്നും ടീസ്‌ത പറഞ്ഞു. ഏപ്രിലിൽ എൻപിആർ നടപടികൾക്ക് എന്തെല്ലാം രേഖകൾ സമർപ്പിക്കണമെന്ന് സർക്കാർ വ്യക്തമാക്കണം. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളിൽ പലർക്കും കൃത്യമായ മേൽവിലാസമില്ല. എന്ത് രേഖകളാണ് ഇവർ ഹാജരാക്കേണ്ടതെന്നും അവർ ചോദിച്ചു.
അഡ്വ. പി കുമാരൻകുട്ടി അധ്യക്ഷത വഹിച്ചു. ആനന്ദ്, സച്ചിദാനന്ദൻ, ഡോ. എം ജി എസ് നാരായണൻ, എം എൻ കാരശ്ശേരി, കെ എൻ രാമചന്ദ്രൻ, കുട്ടി അഹമ്മദ്‌കുട്ടി, കെ എം സലീംകുമാർ, ജോയ് മാത്യു, കെ അജിത, വി പി സുഹറ, പി ഗീത തുടങ്ങിയവർ സംസാരിച്ചു.