ചിറ്റാര്‍ : ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ജനങ്ങള്‍ ഒന്നിച്ച് നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിര്‍ത്ത് തോല്‍പ്പിക്കണമെന്ന് അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ.
ചിറ്റാര്‍, പെരുനാട്, റാന്നി ഏരിയാ സംയുക്ത ജമാഅത്തുകളുടെ നേതൃത്വത്തില്‍ ചിറ്റാറില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ വിശിഷ്ടാഥിതി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം നോക്കി പൗരത്വം നിര്‍ണിയിക്കുന്നതാണ് ദേശീയ പൗരത്വ നിയമ ഭേദഗതി. രാജ്യത്തെ ജനങ്ങളെ അനാഥരാക്കുന്ന ഫാഷിസ്റ്റ് ചിന്തയില്‍ നിന്നാണ് പൗരത്വ ബില്‍ ഉടലെടുക്കുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഹിന്ദു രാജ്യമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. ഫാഷിസ്റ്റുകളായ ഹിറ്റ്‌ലറും മുസ്സോളിനിയും ലക്ഷ്യമിട്ട വംശശുദ്ധീകരണമാണ് ഇത്. ആര്‍എസ്എസിന്റെ ഈ അജണ്ടയാണ് പൗരത്വ നിയമഭേദഗതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്ഷായും നടപ്പാക്കുന്നത്.
ആദ്യം അവര്‍ ലക്ഷ്യമിടുന്നത് മുസ്ലീംങ്ങളെയാണെങ്കിലും തുടര്‍ന്ന് ക്രൈസ്തവനും കമ്മ്യൂണിസ്റ്റുകാരനും ദലിതരും തുടര്‍ന്നു വരും. ഇതിന് ഉദാഹരണമാണ് സംവരണത്തിന് മേല്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. ഒന്നായി നിന്ന മനുഷ്യരെ പലകള്ളിയിലാക്കി തരംതിരിച്ച് സ്വന്തം കാര്യം നേടാനുള്ള സ്വേഛാധിപതികളുടെ നീക്കമാണിത്. രാജ്യത്തിന്റെ സ്വാതന്ത്ര സമര ചരിത്രത്തില്‍ യാതൊരു പങ്കുമില്ലാത്തവരാണ് ആര്‍എസ്എസ്. അവരാണ് മുസ്ലീം സമൂഹം രാജ്യത്ത് ജീവിക്കണമെങ്കില്‍ പൗരത്വം തെളിയിക്കണമെന്ന് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗം ചിറ്റാര്‍ 86 ചീഫ് ഇമാം മൗലവി സിറാജുദ്ദീന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എച്ച് അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. കേരളാ മുസ്ലീം യുവജന ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കാരാളി ഇ കെ സുലൈമാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ചിറ്റാര്‍ ചതുപ്പ് ഇമാം മൗലവി ഷമ്മാസ് ബാഖവി, ആരിഫ് മൗലവി, എം എച്ച് അബ്ദുല്‍ റഹീം മൗലവി, നൗഷാദ് മൗലവി അല്‍ ഖാസിമി, ജലാല്‍ മൗലവി, നാസര്‍ പഴകുളം എന്നിവര്‍ സംസാരിച്ചു. പൊതു സമ്മേളനത്തിന് മുന്നോടിയായി ഞാനും ഇന്ത്യന്‍ പൗരനാണെന്ന പ്രഖ്യാപനവുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.