കരിപ്പൂര്‍ : അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നാല് കാബിന്‍ ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. ഇവര്‍ക്കു പരിക്കുണ്ടെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ അറിയിച്ചു.
രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ 19 പേര്‍ അപകടത്തില്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തിട്ടുണ്ട്. കോക്പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വഴുക്കലിനെ തുടര്‍ന്ന് വിമാനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യാമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. പ്രതികൂല കാലാവസ്ഥയായിട്ടും പൈലറ്റ് കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയില്‍ വിമാനം ഇറക്കാന്‍ പരിശ്രമിച്ചു. എന്നാല്‍ വഴുക്കലുള്ള സാഹചര്യത്തില്‍ വിമാനം തെന്നിപ്പോകുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നും എത്തിയ വിമാനത്തില്‍ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിന് തീപിടിക്കാതിരുന്നത് ഭാഗ്യമായി. അല്ലെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചേനെ. അപകടം നടന്ന കരിപ്പൂരിലേക്ക് പുറപ്പെടുകയാണെന്നും വ്യോമയാനമന്ത്രി പറഞ്ഞു.
അതിനിടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അതോറിട്ട് ഓഫ് ഇന്ത്യ, എയര്‍ നാവിഗേഷന്‍ സര്‍വ്വീസ് അംഗങ്ങള്‍ തുടങ്ങിയവയുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരയോഗം വിളിച്ചു ചേര്‍ത്തത്.