തിരുവനന്തപുരം : നിയമസഭയില്‍ വെയ്ക്കും മുന്‍പ് സി.എ.ജി റിപ്പോര്‍ട്ട് വാര്‍ത്താ സമ്മേളനം നടത്തി പരസ്യപ്പെടുത്തിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം. തോമസ് ഐസക് അവകാശലംഘനം നടത്തിയെന്ന വി.ഡി സതീശന്റെ പരാതിയിലാണ് കമ്മിറ്റിയുടെ തുടര്‍ നടപടി.
ഈ മാസം 29ന് ഹാജരാകാനാണ് കമ്മിറ്റി നോട്ടീസ് അയച്ചത്. പരാതിക്കാരനായ വി.ഡി സതീശനെ എത്തിക്‌സ് കമ്മിറ്റി വിസ്തരിച്ചതിനു പിന്നാലെയാണ് തീരുമാനം. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും രേഖകള്‍ സഹിതം വി.ഡി സതീശന്‍ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ വ്യക്തമാക്കി.
സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുമ്പോള്‍ മാത്രമാണ് പരസ്യമാകുന്നതെന്നും സതീശന്‍ മൊഴി നല്‍കി. നേരത്തെ പ്രതിപക്ഷം ധനമന്ത്രിക്കെതിരേ നല്‍കിയ അവകാശലംഘന നോട്ടീസില്‍ തോമസ് ഐസക് നേരിട്ടെത്തി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയിട്ടും സ്പീക്കര്‍ അത് തള്ളി, എ. പ്രദീപ് കുമാര്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു.