കോഴിക്കോട് : സിന്‍ഡിക്കേറ്റ് തീരുമാനിക്കാതെയും വിജ്ഞാപനം പോലും പുറപ്പെടുവിക്കാതെയും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്വന്തം നിലയില്‍ നിയമനം നടത്തിയതായി പരാതി. വയനാട് ചെതലയം ഗോത്രവര്‍ഗ (ഐ.ടി.എസ്.ആര്) ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറെ നിയമിച്ച ഉത്തരവാണ് വിവാദമാകുന്നത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥിക്ഷേമ വിഭാഗം ഡീനായി കഴിഞ്ഞവര്‍ഷം വിരമിച്ച പി.വി. വത്സരാജിനെയാണ് അസി. ഡയറക്ടര്‍ പദവിയിലേക്ക് നിയമിച്ചത്. എല്ലാ ചട്ടങ്ങളും ലംഘിച്ചുള്ളതാണ് നിയമനം. ഐ.ടി.എസ്.ആറില്‍ നിലവിലെ ഡയറക്ടര്‍ക്ക് കൈകാര്യം ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണുള്ളത്. അതിനിടയിലാണ് രാഷ്ട്രീയ സ്വാധീനത്തെ തുടര്‍ന്ന് പുതിയ നിയമനം നടത്തുന്നത്. ചില അപ്രിയ സംഭവങ്ങളുണ്ടായതിനാല്‍ ഐ.ടി.എസ്.ആറിലെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനാണ് അസി.ഡയറക്ടറെ നിയമിക്കുന്നതെന്ന് വി.സിയുടെ ഉത്തരവില്‍ പറയുന്നു.
താല്‍ക്കാലികമായാണ് നിയമനം. 2019 മുതല്‍ എജുക്കേഷന്‍ പഠന വകുപ്പിലെ അസി. പ്രഫസറായ ഡോ. ടി. വസുമതിയാണ് ഐ.ടി.എസ്.ആര് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്. ഇനി ഈ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും ക്ലാസുകളുടെയും പരീക്ഷകളുടെയും നടത്തിപ്പും വിദ്യാര്‍ഥികളുടെ ക്ഷേമവും അസി.ഡയറക്ടറാകും കൈകാര്യം ചെയ്യുക. മേല്‍നോട്ട ചുമതല എന്ന ഓമനപ്പേരില്‍ ഡയറക്ടറെ മൂലക്കിരുത്താനാണ് നീക്കം.
നിലവില്‍ അസി.ഡയറക്ടറുടെ പദവി ഇവിടെയില്ല. സര്‍ക്കാറിന്റെ അനുമതി വാങ്ങലടക്കം ചട്ടങ്ങളൊന്നും പാലിക്കാതെയാണ് നിയമനമെന്നാണ് ആരോപണം. ഭൂരിപക്ഷവും പെണ്‍കുട്ടികള്‍ പഠിക്കുന്ന ഐ.ടി.എസ്.ആറില്‍ സഹായിയെ വേണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടില്ല. 60 വയസ്സിന് മുകളിലുള്ളവരെ അധ്യാപനേതര ജോലിക്ക് നിയമിക്കേണ്ടതില്ലെന്ന സിന്‍ഡിക്കേറ്റ് തീരുമാനത്തിനും ഈ നിയമനം എതിരാണ്. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സിന്‍ഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്കി.