കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ് സ്വദേശി അനില ബേബിക്കെതിരെ (32) കൂടുതൽ കുറ്റങ്ങൾ ചുമത്താൻ പ്രോസിക്യൂഷൻ. നിലവിൽ അഞ്ജന ഹരിയുടെ കൊലപാതകക്കുറ്റത്തിൽ മിൽപിറ്റാസ് പോലീസാണ് അനിലയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. സാൻഹൊസിൽ ആൻ മേരി മാത്യു കുത്തേറ്റു മരിച്ച സംഭവത്തിലും അനിലയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം. ആൻ മേരി മാത്യുവിന്റെ മരണം കൊലപാതകമാണെന്ന് നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൊലക്കുറ്റം ചുമത്തിയിരുന്നില്ല. നിലവിൽ സാന്റാ ക്ലാര കൗണ്ടി മെയിൻ ജയിലിലാണ് അനിലയെ പാർപ്പിച്ചിരിക്കുന്നത്.
നേരത്തെ കേസ് പരിഗണിച്ച കോടതി നടപടികൾ സെപ്റ്റംബർ 10 ലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 28-ന് മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപാർട്മെന്റ് പാർക്കിങ് ഏരിയയിൽ വച്ച് തൃശൂർ സ്വദേശിനി അഞ്ജന ഹരിയെ (35) കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അനിലയ്ക്കെതിരെ സാന്റാ ക്ലാര കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫിസ് കൊലക്കുറ്റം ചുമത്തിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി, വാഹനം മാരകായുധമായി ഉപയോഗിച്ചു, ഇരയ്ക്കുമേൽ ഏൽപ്പിച്ച പരുക്കുകളുടെ തീവ്രത എന്നിവയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യത്തിനുശേഷം മുൻഭാഗം തകർന്ന കാറിനുള്ളിൽ കൈകാലുകളിൽ രക്തക്കറയും മുറിവുകളുമായിട്ടാണ് നോർത്ത് മിൽപിറ്റാസ് ബൊളിവാർഡിലെ വാൾഗ്രീൻസ് പാർക്കിങ് ലോട്ടിൽ നിന്ന് അനിലയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അതിനിടെ ആൻ മേരി മാത്യുവിന്റെ മൃതദേഹം ലിവർമോറിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്നു. സെപ്റ്റംബർ 10-ന് കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോൾ പൊലീസിന്റെ തുടർനടപടികളിലും വാദമുഖങ്ങളിലും കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
































