ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം. ഇടപാടുകളിൽ നിന്ന് ഡോളറിനെ ഘട്ടം ഘട്ടമായി പുറത്താക്കണമെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണമെന്നും അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങരുതെന്നുമാണ് മുജ്തബ ഖമനെയി ആഹ്വാനം ചെയ്തത്. എന്നത്തേക്കാളും കരുത്തുറ്റ ഇറാൻ ഉണ്ടാകുമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. സാമൂഹ്യ ഐക്യത്തെ ബാധിക്കുന്ന പ്രസ്താവനകൾ വിലക്കിയിരിക്കുകയാണ് ഇറാന്‍റെ പരമോന്നത നേതാവ്. ഒന്നിച്ചു നിൽക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സ്വയം പര്യാപ്തമായ ഒരു പ്രതിരോധ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഡോളറിനെ ഒഴിവാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ജനസേവനത്തിൽ അധിഷ്ഠിതമായ ഒരു ഭരണകൂടത്തിന്റെ കടമകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാമ്പത്തിക പ്രതിരോധം എന്നത് കേവലം ഒരു നയപരമായ തീരുമാനം മാത്രമല്ലെന്നും മറിച്ച് വിദേശ സാമ്പത്തിക സമ്മർദ്ദങ്ങളെ ചെറുക്കാനും ദീർഘകാല സ്ഥിരത കൈവരിക്കാനുമുള്ള ദേശീയ ചട്ടക്കൂടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര ഉൽപ്പാദനം പര്യാപ്തമല്ലാത്ത മേഖലകളിൽ ആവശ്യാനുസരണം വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് തികച്ചും ഉചിതവും ബുദ്ധിപരവുമായിരിക്കണമെന്നും മുജ്തബ ഖമനെയി വ്യക്തമാക്കി. നാണയപ്പെരുപ്പം, തൊഴില്ലായ്മ, ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെന്ന് ഖമനെയി അഭ്യർത്ഥിച്ചു. കൂടാതെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെയും അവ ഉപയോഗപ്രദമായ മേഖലകളിലേക്ക് തിരിച്ചുവിടേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.






























