ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന് ആരോപിക്കുന്ന വെങ്കിടാ വെങ്കിട്ട് ഉൾപ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. വസന്ത് വിഹാർ പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് നടന്നത്. യുഎസ് പ്രതിരോധ വകുപ്പുമായി ആയുധനിർമാണ കരാർ ലഭിച്ചെന്ന വ്യാജ അവകാശവാദം ഉയർത്തി നിക്ഷേപകരിൽ നിന്ന് ഏകദേശം 700 കോടി രൂപ സമാഹരിച്ചെന്നാണ് പരാതി. ഡൽഹിയിലും കേരളത്തിലുമടക്കം ഇവർ തട്ടിപ്പ് നടത്തിയെന്ന പരാതികളിൽ കേരള പോലീസും അന്വേഷണം നടത്തുന്നുണ്ട്. വിപിവിവി ചെയർമാനും കൊല്ലം സ്വദേശിയുമായ വെങ്കിട്ട വെങ്കിട്, തനുഷ് പാണ്ഡ്യ, അക്വീൽ അഹമ്മദ്, മറ്റു മലയാളികൾ അടക്കമാണ് വിവിധ കേസുകളിൽ പ്രതികൾ ആയിരിക്കുന്നത്. 83,000 കോടി രൂപയോളം വരുന്നതാണ് അമേരിക്കയിൽ നിന്ന് ലഭിച്ച കരാർ എന്നൊക്കെയായിരുന്നു പ്രചാരണം. നിലവിൽ ഡൽഹിയിലെ വസന്ത് വിഹാർ പോലീസ് കഴിഞ്ഞ മാസം എടുത്ത രണ്ടു കേസുകളിലാണ് അറസ്റ്റ് എന്നാണ് വിവരം.
അറസ്റ്റിലായ വെങ്കിട്ട വെങ്കിട് അടക്കമുള്ളവരെ ഡൽഹി പട്യാല ഹൌസ് കോടതിയിൽ ഹാജരാക്കി. വെങ്കിടിന്റെ സഹായിയായ രാഹുൽ എന്ന മലയാളിയും പിടിയിലായെന്നാണ് വിവരം. ഇവരെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നാണ് ഡൽഹി പോലീസിന്റെ ഡിസ്ട്രിക്ട് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് വ്യക്തമാക്കുന്നത്. ഡൽഹി ആർകെ പുരത്തെ ഡിഐയു ഓഫീസിലാണ് ചോദ്യം ചെയ്യൽ. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകാനുള്ളതിനാൽ മറ്റു വിവരങ്ങൾ നൽകാൻ ഡൽഹി പോലീസ് തയ്യാറായിട്ടില്ല. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നും കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ കേരള പൊലീസുമായും ഉടൻ ആശയവിനിമയം നടത്തുമെന്നാണ് ഡൽഹി പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.






























