തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ ഡിസിസി അംഗം അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം പോലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്. അതിനു ശേഷം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മുഖ്യമന്ത്രി ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വെച്ച് വി ഡി സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്‍റെ നേതൃത്വത്തിലാണ് വണ്ടി കൈകാണിച്ച് നിർത്തിയത്. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. ‘എന്താ പ്രശ്നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ എന്നായിരുന്നു ചേന്തി അനിലിന്‍റെ മറുപടി.
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി വി ഡി സതീശന്‍റെ സമ്മതിച്ചതാണെന്നാണ് ഡിസിസി അംഗം ചേന്തി അനിൽ അവകാശപ്പെടുന്നത്. അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പോലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. എന്നാൽ ഉള്ളൂരിൽ കല്യാണ വീട്ടിൽ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചത്. സംഘാടകർക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയും ചെയ്തെന്ന് ചേന്തി അനിൽ പറഞ്ഞു.






























