കോട്ടയം : ഒരാള്‍ ധരിക്കുന്ന മാസ്‌ക്കില്‍ നിന്നു കൊറോണ വൈറസിനെ കണ്ടെത്താനുള്ള പുതിയ പരിശോധനാരീതി വികസിപ്പിക്കുന്നതിനുള്ള രാജ്യാന്തര ഗവേഷണത്തില്‍ എംജി സര്‍വകലാശാലയും. തന്മാത്രകളുടെ ഘടന പരിശോധിച്ച് കൊറോണ വൈറസിന്റെ പ്രോട്ടീന്‍ മനസ്സിലാക്കുന്നതാണു ഈ പരിശോധനാരീതി. ‘മാസ് സ്‌പെക്ട്രോമെട്രി’ എന്ന ഉപകരണമാണ് ഇതിനായി ഉപയോഗിക്കുക.
കോവിഡ് രോഗിയായ ഒരാളുടെ നിശ്വാസവായുവില്‍ വൈറസ് ഉണ്ടായിരിക്കും. ഇവ അയാള്‍ ധരിക്കുന്ന മാസ്‌കില്‍ പറ്റിപ്പിടിക്കും. മാസ്‌കിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് പരിശോധന നടത്തിയാല്‍ ഒരാള്‍ വൈറസ് ബാധിതനാണോ എന്ന് കണ്ടെത്താനാകും. 10 മിനിറ്റിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് ഗവേണഷണസംഘം പറയുന്നത്. ഗവേഷണ പദ്ധതിയുടെ ഇന്ത്യന്‍ കോഓര്‍ഡിനേറ്റര്‍ എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ കുമാറാണ്. ഇവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഗവേഷണം വിജയിച്ചു.
മിനിസ്ട്രി ഓഫ് ഹെല്‍ത്ത് കെയര്‍ ഓഫ് റഷ്യന്‍ ഫൗണ്ടേഷന്‍ ലബോറട്ടറികള്‍, ബ്രസീല്‍ സാവോ പോളോ സര്‍വകലാശാല, ഈസ്റ്റ് ചൈന സര്‍വകലാശാല എന്നിവയാണ് എംജി സര്‍വകലാശാലയുടെ ഗവേഷണ പങ്കാളികള്‍. എംജി സര്‍വകലാശാലയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ബയോസയന്‍സസ്, തലപ്പാടി ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഗവേഷണം നടത്തുന്നത്.