ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളുണ്ടാകുമോയെന്നും ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഗാനരചയിതാവ് അടക്കമുള്ളവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇളയരാജ സംഗീതം നല്‍കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാനിര്‍മാതാക്കളില്‍ നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജിയില്‍ പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയെ എതിര്‍ത്താണ് എക്കോ കമ്പനി അപ്പീല്‍ നല്‍കിയത്.
സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ സംഗീതസംവിധായകനെ നിര്‍മാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിര്‍മാതാവിന് ലഭിക്കുമെന്ന് കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചു. ഈണത്തിനു മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികള്‍, ശബ്ദം, വാദ്യങ്ങള്‍ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടെന്നും പറഞ്ഞു. എന്നാല്‍, സംഗീതത്തിനുമേല്‍ ഈണം നല്‍കിയയാള്‍ക്കു തന്നെയാണ് അവകാശമെന്ന് ഇളയരാജയുടെ അഭിഭാഷകന്‍ വാദിച്ചു. ഈണത്തിനുമേല്‍ അവകാശമുണ്ടെങ്കിലും ഗാനത്തിനുമേലുള്ള പൂര്‍ണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വരികളില്ലാതെ ഗാനമുണ്ടോയെന്നും ചോദിച്ചു. ഹര്‍ജി വിശദമായി വാദംകേള്‍ക്കുന്നതിനായി ജൂണ്‍ രണ്ടാംവാരത്തിലേക്ക് മാറ്റി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സംഗീതത്തില്‍ ഇളയരാജ എല്ലാവര്‍ക്കും മുകളിലാണെന്നു കരുതേണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞിരുന്നു.