ലണ്ടന്‍ : അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് പിന്നാലെ പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിലും പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് കാനഡ. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ മൂന്ന് വര്‍ഷം വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്നതാണ് ഇതില്‍ പ്രധാനം. വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം. ബിരുദാനന്തര ബിരുദത്തിനായി കൂടുതല്‍ ഇന്ത്യക്കാര്‍ രാജ്യത്ത് എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. പുതിയ മാറ്റത്തോടെ 3 വര്‍ഷത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. മുന്‍പ് കുറഞ്ഞ ധൈര്‍ഘ്യമുള്ള മാസ്റ്റര്‍ പ്രോഗ്രാമുകളില്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ ചെറിയ കാലയളവിലുള്ള ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും വര്‍ക്ക് പെര്‍മിറ്റിന് അവസരുണ്ടെന്നത് മികച്ച അവസരങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.
ഇത് കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്താനാകും. ബിരുദധാരികള്‍ക്ക് കാനഡയില്‍ തൊഴില്‍ ചെയ്യുവാനുള്ള കാലാവധി നീട്ടിയത് അവരുടെ കരിയറിലെ വ്യത്യസ്തമായ മേഖലകളെക്കുറിച്ചറിയുവാനും പ്രൊഫഷണല്‍ മേഖലിലെ വളര്‍ച്ചയ്ക്കും മാത്രമല്ല, കാനഡയില്‍ സ്ഥിരതാമസത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതേസമയം വിദ്യാര്‍ഥികളുടെ പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകളിലും മെഡിസിന്‍, നിയമം പോലെയുള്ള പ്രഫഷണല്‍ പ്രോഗ്രാമുകളിലേക്ക് മാത്രം ചുരുക്കിയ കാനഡയുടെ നടപടി ഇന്ത്യക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ പങ്കാളി വിസയില്‍ കാനഡയിലേക്ക് ചേക്കേറാനൊരുങ്ങുന്നവര്‍ നിരവധിയാണ്. പുതിയ തീരുമാനം നിരവധി പേരുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കും.