പത്തനംതിട്ട : ജില്ലാതല പട്ടികജാതി പട്ടികവര്‍ഗ വികസനസമിതി യോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷത്തെ കോര്‍പ്പസ് ഫണ്ട് പദ്ധതി വിനിയോഗവും നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ അംഗീകരിച്ച പദ്ധതികളുടെ നിര്‍വഹണ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി വകയിരുത്തുന്ന ഫണ്ടുകള്‍ കാര്യക്ഷമമായിത്തന്നെ വിനിയോഗിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. വികസന, നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കാതെ ഗൗരവകരമായി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് പദ്ധതികള്‍ പൂര്‍ത്തീകരിക്കണം. അവലോകനയോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിമുഖത കാണിക്കുകയും വീഴ്ച വരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പാറ ഐശ്വര്യ സെറ്റില്‍മെന്റ് കോളനി കുടിവെള്ള പദ്ധതിക്ക് ഫണ്ട് അനുവദിച്ച് യോഗത്തില്‍ തീരുമാനമായി. തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ എളംകുളംപാറ- മലപ്പുറം റോഡ് കോണ്‍ക്രീറ്റിങ്ങിന് പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് അംഗീകാരമായി. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കൈതയ്ക്കമണ്ണില്‍ പട്ടികജാതി കോളനി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഭരണാനുമതി നല്‍കി. ഈ മൂന്ന് പ്രവര്‍ത്തികള്‍ക്കായി 20 ലക്ഷം രൂപ വകയിരുത്തി. കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കൈരളി കുടിവെള്ള പദ്ധതി, കുളനട ഗ്രാമപഞ്ചായത്തിലെ മുടന്തിയാനിക്കല്‍- ബഥനിമഠം റോഡ് കോണ്‍ക്രീറ്റിംഗ് തുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. അംബേദ്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയില്‍ പെടുന്ന പറയാനാലി, ചാന്തോലില്‍, എഴിക്കാട്, കൊങ്കരമാലില്‍,പന്നിവേലിച്ചിറ, അടുംബട, മൂര്‍ത്തിമുരുപ്പ് തുടങ്ങി നിരവധി പട്ടികജാതി കോളനികളുടെ നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനും യോഗത്തില്‍ നിര്‍ദേശം നല്‍കി.
പട്ടികവര്‍ഗവകുപ്പിന്റെ കീഴില്‍ എബിസിഡി ക്യാമ്പയിന്റെ ഭാഗമായി 18 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 12 യുവതീയുവാക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകളും 23 പേര്‍ക്ക് ഹെവി മോട്ടോര്‍ ലൈസന്‍സും ബാഡ്ജും ലഭ്യമാക്കി. ട്രൈബല്‍ ഡെവലപ്‌മെന്റ്് ഓഫീസ്, എക്‌സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ സഹായി സെന്ററുകള്‍ മികച്ച രീതിയില്‍ നടന്നുവരുന്നു. യുവതീയുവാക്കള്‍ക്ക് പിഎസ്സി പരിശീലന ക്ലാസുകളും പിഎസ്സി ബുള്ളറ്റിന്‍ വിതരണവും നവംബര്‍ മുതല്‍ നടന്നുവരുന്നു. ആവണിപ്പാറ പട്ടികവര്‍ഗ കോളനിയിലെ പാലത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി നല്‍കുന്നതിന് സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നടപടിക്കായി യോഗം ശുപാര്‍ശ ചെയ്തു. ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ് മായ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.