തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉള്‍പ്പെടെ അണ്‍ റിസര്‍വ്‌ഡ്, റിസര്‍വ്‍ഡ് ടിക്കറ്റുകളിലുള്ള യാത്രാ സൗജന്യങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പിന്‍വലിച്ചു. അനാവശ്യ യാത്ര ചെയ്യുന്ന ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്നു റെയില്‍വേ അറിയിച്ചു.
വിദ്യാര്‍ഥികള്‍, ഭിന്നശേഷിയുള്ളവര്‍, രോഗികള്‍ എന്നിവര്‍ക്കുള്ള സൗജന്യം തുടരും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ ഓടിക്കും. എറണാകുളം-ഗുവാഹത്തി സ്പെഷല്‍ 20ന് വൈകിട്ട് 5.15ന് എറണാകുളത്തു നിന്നു പുറപ്പെടും. എറണാകുളം നോര്‍ത്ത്, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. കോയമ്പത്തൂര്‍, സേലം, വിജയവാഡ, വിശാഖപട്ടണം വഴിയാണു സര്‍വീസ്. തിങ്കളാഴ്ച രാവിലെ 8.45ന് ഗുവാഹത്തിയിലെത്തും.
അതേസമയം യാത്രക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. ജനശതാബ്ദി ഉള്‍പ്പെടെ 10 ട്രെയിന്‍ സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. ഈ മാസം 31 വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളിലും നിരവധി ട്രെയിന്‍ സര്‍വീസുകളാണ് റെയില്‍വേ റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം ഇനിയും കുറയുകയാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കും.