മംഗളൂരു: മംഗളൂരുവില്‍ മീന്‍ ലോറിയില്‍ കടത്തുകയായിരുന്ന രണ്ട് ക്വിന്റല്‍ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവിന് പുറമെ ലോറിയില്‍ നിന്ന് നാല് വാളുകളും പോലീസ് പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഫാറൂഖ്, മൊയ്തീന്‍ നവാസ് എന്നിവരാണ് പിടിയിലായ മലയാളികള്‍. മറ്റു രണ്ടുപേര്‍ മംഗളൂരു, കുടക് സ്വദേശികളാണ്.
മൂടബിദ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസിന്റെ അന്വേഷണത്തിനിടെയാണ് കഞ്ചാവു കടത്തിനെകുറിച്ചു പോലീസിന് വിവരം ലഭിച്ചത്. മീന്‍ലോറിയില്‍ വിശാഖപട്ടണത്തുനിന്നാണു പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. വാഹനപരിശോധനയ്ക്കിടെ ഉള്ളാള്‍ കെ.സി.റോഡില്‍ വച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ലോറിക്ക് അകമ്പടി വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായവരില്‍ ഒരാള്‍ ലോറിയിലും മൂന്നുപേര്‍ അകമ്പടിയായി കാറിലും ഉണ്ടായിരുന്നവരാണ്. കാസര്‍കോട്, ദക്ഷിണ കന്നഡ, കുടക്, ഹാസന്‍ ജില്ലകളില്‍ വിതരണത്തിനായി എത്തിച്ചതായിരുന്നു കഞ്ചാവ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.