കോട്ടയം: ഒന്‍പതാം ക്ലാസുകാരന്‍ കഞ്ചാവിനായി കേണപേക്ഷിച്ചു. സ്ഥിരം കസ്റ്റമറായ വിദ്യാര്‍ത്ഥിക്ക് വീട്ടില്‍ കഞ്ചാവ് എത്തിക്കാന്‍ ബൈക്കില്‍ പോയ രണ്ട് യുവാക്കള്‍ പിടിയില്‍. കിടങ്ങൂര്‍ പള്ളിക്കര അഖില്‍, ആനിക്കാട് തേക്കിലകാട്ടില്‍ വിഷ്ണു എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 60 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കിടങ്ങൂരിലെ ഒരു സ്കൂളിലെ വിദ്യാര്‍ത്ഥി മൊബൈലില്‍ വിളിച്ചുപറഞ്ഞിട്ടാണ് കഞ്ചാവുമായി പോയതെന്ന് അഖില്‍ പോലീസിനോട് പറഞ്ഞു. വിദ്യാര്‍ത്ഥി വിളിച്ച നമ്പറും മൊബൈലില്‍ അഖില്‍ കാണിച്ചുകൊടുത്തു. ലോക്ക്ഡൗണിന്റെ ഭാഗമായി ഈരാറ്റുപേട്ട സി.ഐ ബൈജുകുമാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ഇവര്‍ ബൈക്കില്‍ എത്തിയത്. എങ്ങോട്ടു പോവുന്നുവെന്ന് ചോദിച്ചതോടെ യുവാക്കള്‍ പേടിച്ചരണ്ടു. തുടര്‍ന്ന് ബൈക്ക് പരിശോധിച്ചപ്പോഴാണ് രണ്ട് പൊതികളിലായി 60 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബൈക്കും പോലീസ് പിടിച്ചെടുത്തു.