കല്ലമ്പലം : തമിഴ്നാട്ടില്‍ നിന്ന് വില്‍പ്പനയ്ക്കെത്തിച്ച മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസിന്റെ പിടിയിലായി. കോയമ്പത്തൂര്‍ നോര്‍ത്ത് കൊണ്ടയം പാളയം വില്ലേജില്‍ 12/26 എയില്‍ ശിവകുമാര്‍ , കൊല്ലം ഇരവിപുരം അബ്ദുള്ള മന്‍സിലില്‍ മിന്‍ഹാജ് എന്നിവരാണ് കടമ്പാട്ടുകോണത്ത് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ടാറ്റ എയ്സ് വാഹനവും പിടിച്ചെടുത്തു.
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വര്‍ക്കല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. നൗഷാദിന്റെ നേതൃത്വത്തില്‍ നടന്ന രാത്രികാല വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. കമ്പം തേനിയില്‍ നിന്ന് കൊല്ലം വഴി ആറ്റിങ്ങലിലേക്കാണ് കഞ്ചാവ് കടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു, അഷറഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലിബിന്‍, താരിഖ്, സജീര്‍, അനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.