ആലപ്പുഴ :മൂന്നംഗസംഘം ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടു വന്ന 25 കിലോ കഞ്ചാവ്, വാഹനത്തെ പിന്തുടര്‍ന്ന് പോലീസ് പിടികൂടി. ആലപ്പുഴ പാതിരപ്പള്ളിയില്‍ വെച്ച് പോലീസ് വാഹനം കാറിനു കുറുകെ നിര്‍ത്തി സാഹസികമായി പിടികൂടുകയായിരുന്നു.
ചെങ്ങന്നൂര്‍ മുളക്കുഴ കാരയ്ക്കാട് ഉല്ലാസ് ഭവനില്‍ അനന്തു മുരളി (24), ചെങ്ങന്നൂര്‍ തിട്ടമേല്‍ അര്‍ച്ചന ഭവനില്‍ കെ.പി.അരുണ്‍ (24), ആറന്മുള കിടങ്ങന്നൂര്‍ കുന്നത്ത് വേലിക്കകത്ത് രാഹുല്‍ റജി (കണ്ണന്‍-27) എന്നിവരെയാണ് നോര്‍ത്ത് എസ്‌ഐ ടോള്‍സണ്‍ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. അടുത്തിടെ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
നോര്‍ത്ത് സിഐ കെ.പി.വിനോദിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കാറിന്റെ ഡിക്കിയിലെ ബാഗുകളില്‍ 11 പൊതികളായി സൂക്ഷിച്ച 24.56 കിലോ കഞ്ചാവാണ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് പതിവായി കഞ്ചാവ് ചെങ്ങന്നൂരില്‍ എത്തിച്ച് മൊത്ത വില്‍പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. ഒരു കിലോ കഞ്ചാവ് 6,000 രൂപയ്ക്ക് വാങ്ങി നാട്ടിലെത്തിച്ച് 25,000 രൂപയ്ക്കാണ് വിറ്റിരുന്നത്.