കോട്ടയം : 10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ കോട്ടയം ഈസ്റ്റ് പോലീസും ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നു പിടികൂടി. നിരവധി കേസുകളില്‍ പ്രതിയായ കോട്ടയം സ്വദേശി ബാദുഷയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്നു രാവിലെ 9.30നു റെയിവേ സ്റ്റേഷനു മുന്നില്‍നിന്നു പിടികൂടിയത്. ട്രെയിനില്‍ വന്‍ തോതില്‍ കഞ്ചാവ് എത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതോടെ ദിവസങ്ങളായി ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ഈസ്റ്റ് പോലീസും മഫ്തിയില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിരീക്ഷണത്തിലായിരുന്നു. മൂന്നംഗ സംഘം നടന്നു വരുന്നതു കണ്ടു സംശയം തോന്നിയ പോലീസ് സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ചോദ്യംചെയ്യുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന നാലു പൊതികളായിലായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് ഗന്ധം പോലും പുറത്തുവരാത്ത രീതിയില്‍ നിരവധി കൂടുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.
കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശാനുസരണം ഈസ്റ്റ് എസ്.എച്ച്.ഒ റിജോ പി. ജോസഫിന്റെ നേതൃത്വത്തിലാണ് കഞ്ചാവും പ്രതികളെയും പിടികൂടിയത്.