തൃശ്ശൂര്‍: കഞ്ചാവു കേസ് പ്രതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. പത്ത് കിലോ കഞ്ചാവുമായി അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ഷെമീറിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്ചയാണ് ഷെമീര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ വെച്ചാണ് ഈസ്റ്റ് പോലീസ് ഷെമീറിനെ അറസ്റ്റ് ചെയ്തത്. ഷെമീറിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. തലയിലും നെറ്റിയിലും മുറിവുകളും മുഖത്ത് ക്ഷതവുമുണ്ട്.
റിമാന്‍ഡിലിരിക്കെ ഷെമീറിനെ പാര്‍പ്പിച്ച അമ്പിളിക്കല കോവിഡ് കെയര്‍ സെന്ററില്‍ വച്ചാണോ പോലീസ് കസ്റ്റഡിയിലാണോ മര്‍ദ്ദനമേറ്റതെന്ന് വ്യക്തമല്ലെന്നും അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. മരണത്തിന് മുമ്പ് പോലീസ് സ്‌റ്റേഷനില്‍ വെച്ച് കാണുമ്പോള്‍ ഷെമീറിന്റെ നെറ്റിയിലെ മുറിയില്‍ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
പത്ത് കിലോ കഞ്ചാവുമായി ഷെമീറും ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിഞ്ഞ ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഷെമീറിനെ റിമാന്റ് പ്രതികളെ താമസിപ്പിക്കുന്ന അമ്പിളിക്കല കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.
അവിടെ വെച്ച് കുഴഞ്ഞു വീണതിനാല്‍ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരോപണങ്ങള്‍ പോലീസ് നിഷേധിക്കുകയാണ്. കോവിഡ് കെയര്‍ സെന്ററില്‍ വെച്ച് ഷെമീറിന് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായെന്നും പോലീസ് പറയുന്നു.