പത്തനംതിട്ട : തുമ്പമണ്ണില്‍ വാടകവീടെടുത്ത് കഞ്ചാവ് വില്‍പന നടത്തിവന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ടരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്നയാള്‍ കടന്നുകളഞ്ഞു. കണ്ണൂര്‍ വെളിയന്നൂര്‍ സ്വദേശി ഷംനത്താണ് (21) പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നൂറനാട് സ്വദേശി മഹേഷാണ് കടന്നുകളഞ്ഞത്. ചെന്നീര്‍ക്കര ഐ.ടി.ഐക്ക് സമീപത്ത് യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗവും വില്‍പനയും വ്യാപകമാണെന്നുള്ള വിവരത്തിെന്റ അടിസ്ഥാനത്തിലാണ് എക്സൈസ് നാര്‍കോട്ടിക് സെല്‍ സി.ഐ എസ്.ഷിജുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശംവെച്ച മൂന്ന് യുവാക്കളെ എക്സെസ് സംഘം പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന രണ്ടംഗ സംഘത്തിന്റെ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് തുമ്പമണ്‍ വായനശാലക്ക് സമീപം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഷംനത്തിനെ രണ്ടരക്കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തു. നൂറനാട് സ്വദേശി മഹേഷാണ് വാടകവിട് തരപ്പെടുത്തിയിരുന്നത്. പ്രിവന്റിവ് ഓഫിസര്‍മാരായ ഹരികുമാര്‍, ഹരീഷ്, ഉദ്യോഗസ്ഥരായ ബിനു വര്‍ഗീസ്, രാധാകൃഷ്ണപിള്ള രാജേഷ്, ആകാശ്, ഗീതാലക്ഷ്മി, കവിത തുടങ്ങിയവരടങ്ങുന്ന സംഘമാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.