കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെതിരേ എല്‍ഡിഎഫ് വീണ്ടും അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കി. എല്‍ഡിഎഫ് നേതാവ് ബാലകൃഷ്ണന്‍ മാസ്റ്ററാണ് ജില്ലാ കളക്ടര്‍ ടി വി സുഭാഷിനു അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസ് വിമതനായ പി കെ രാഗേഷ് പിന്തുണച്ചതിനെ തുടര്‍ന്ന് നാലു വര്‍ഷത്തോളം എല്‍ഡിഎഫാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരിച്ചിരുന്നത്. ഈസമയം എല്‍ഡിഎഫിലെ ഇ പി ലത മേയറും പി കെ രാഗേഷ് ഡെപ്യൂട്ടി മേയറുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പു സമയത്ത് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കമാണ് പി കെ രാഗേഷ് വിമതനായി മല്‍സരിക്കാന്‍ കാരണം. രൂപീകരണം മുതല്‍ യുഡിഎഫ് ഭരിച്ചിരുന്ന കണ്ണൂര്‍ നഗരസഭ കോര്‍പറേഷനായ ആദ്യകാലയളവില്‍ തന്നെ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ എല്‍ഡിഎഫാണ് ഭരിച്ചത്. ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമായിരുന്നു എല്‍ഡിഎഫിന് മേയര്‍ പദവി ലഭിച്ചത്.
എന്നാല്‍ നാലു വര്‍ഷത്തിനു ശേഷം പി കെ രാഗേഷ് കോണ്‍ഗ്രസ് നേതൃത്വവുമായി അടുക്കുകയും കെ സുധാകരന്‍ നേരിട്ട് അനുരഞ്ജനത്തിനിറങ്ങുകയും ചെയ്തതോടെയാണ് ഭരണമാറ്റമുണ്ടായത്. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാമെന്ന ധാരണയെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പി കെ രാഗേഷ് യുഡിഎഫിനൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് ഇ പി ലതയ്‌ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഇ പി ലതയ്ക്കു മേയര്‍ പദവി നഷ്ടപ്പെടുകയും കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണന്‍ മേയറാവുകയും ചെയ്തു.
തദ്ദേശതെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കിയിരിക്കെയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചത്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരേ അന്ന് എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും പാസായിരുന്നില്ല. ഇതിനുശേഷം കോര്‍പറേഷനില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൗണ്‍സിലില്‍ പോര് രൂക്ഷമായിരുന്നു. കഴിഞ്ഞ മാസം കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ കൈയാങ്കളിയില്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഇരുപക്ഷത്തെയും കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതിയുണ്ടായിരുന്നു. ഇതിനിടെ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ധാരണ പ്രകാരം ഈമാസം സുമാ ബാലകൃഷ്ണന്‍ മേയര്‍ പദവി ഒഴിയാനിരിക്കെയാണ് ഡെപ്യൂട്ടി മേയര്‍ക്കെതിരേ എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.