കൊച്ചി : പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ. പെട്രോളിയം ഉത്പന്നങ്ങൾ പ്രധാനവരുമാനമാന സ്രോതസ്സായതിനാൽ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് കാണിച്ച് കൗൺസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇക്കാര്യത്തിൽ കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായതെന്നും കൗൺസിൽ കോടതിയെ അറിയിച്ചു. ഇതേ നിലപാട് ജിഎസ്ടി കൗൺസിൽ നേരത്തെയും ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി ഇതിൽ തൃപ്തരായിരുന്നില്ല. കഴിഞ്ഞ ജിഎസ്ടി കൗൺസിലിന്റെ യോഗ തീരുമാനങ്ങൾ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിൻറെ രൂപത്തിൽ നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ധന നികുതി ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി ജിഎസ്ടി കൗൺസിൽ തിങ്കളാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഇത്തരത്തിൽ വലിയ വരുമാന നഷ്ടമുണ്ടാകുന്ന നടപടികളിലേക്ക് പോകാൻ കഴിയില്ലെന്ന നിലപാടാണ് കൗൺസിൽ നേരത്തെ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇതുതന്നെ കൂടുതൽ വിശദീകരിച്ചാണ് ഇപ്പോൾ സത്യവാങ്മൂലം നൽകിയത്.