തിരുവനന്തപുരം : വിഎം സുധീരന്റെ നീക്കത്തിന് തിരിച്ചടി നല്‍കി എഐസിസി. എഐസിസ് അംഗത്വത്തില്‍ നിന്ന് രാജി സമര്‍പ്പിച്ചിട്ട് നാല് ദിവസമായെങ്കിലും എഐസിസി സുധീരന്റെ രാജി തള്ളിക്കളയുകയായിരുന്നു. സുധീരന്റെ രാജി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാന തലത്തില്‍ ആശയവിനിമയത്തില്‍ വിടവുണ്ടായെന്ന് അറിയിച്ച് കൊണ്ടാണ് താരിഖ് അന്‍വന്‍ സുധീകരന്റെ രാജി തള്ളിക്കളഞ്ഞതിനെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. ഭാവിയില്‍ ഇതെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ സുധീരന്‍ എഐസിസിയില്‍ നിന്നും രാജിവെക്കുന്നത്. രാജി സമര്‍പ്പിച്ചതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അനുനയത്തിന് ശ്രമിച്ചിരുന്നെങ്കിലും നീക്കങ്ങളൊന്നും ഫലം കണ്ടിരുന്നില്ല.
കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് രാജി സമര്‍പ്പിച്ചത്. തനിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് നേരിടുന്ന അവഗണനയെക്കുറിച്ച് തന്നോടടുത്ത കേന്ദ്രങ്ങളോട് സുധീരന്‍ പറഞ്ഞിരുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതോടെ പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് രാജി സമര്‍പ്പിക്കുന്നത്. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം ഇടക്കാലത്ത് ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്നു. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹൈക്കമാന്റിനെയും അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് സുധീരന്‍ രാജിവെച്ചിട്ടുള്ളതെന്നാണ് എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.