മുംബൈ: കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ ഏറ്റവും ആശങ്കയായി നിന്നത് ധാരാവി ആയിരുന്നു. ലക്ഷകണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ചേരിപ്രദേശത്ത് രോഗവ്യാപനമുണ്ടായാല്‍ അത് നിയന്ത്രണാതീതമാകുമെന്നായിരുന്നു മുഖ്യഭീതി. എന്നാല്‍ കൃത്യമായി പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ഈ മേഖലയില്‍ രോഗവ്യാപനം തടയാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഈ പ്രദേശത്ത് ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ഏപ്രില്‍ ഒന്നിനാണ് ധാരാവി മേഖലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ എട്ട് മാസത്തിനിടെ ഇത് ആദ്യമായാണ് ഇവിടെ നിന്നും ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുന്നത്.
520ഏക്കറോളം (2.1സ്ക്വയര്‍ കിമീ) പരന്നു കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ, ലോകത്തിലെ തന്നെ വലിയ ചേരികളുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന മേഖലയാണ് ധാരാവി.
ഇവിടെ ഇതുവരെ 3788 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,464 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ പന്ത്രണ്ട് സജീവ കേസുകള്‍ മാത്രമാണ് പ്രദേശത്തുള്ളത്. ഇവരില്‍ എട്ടു പേര്‍ വീട്ടില്‍ തന്നെ ഐസലേഷനില്‍ കഴിയുകയാണ്. നാല് പേര്‍ കോവിഡ് കെയര്‍ സെന്‍ററിലും.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് . രോഗികളുടെ എണ്ണത്തിലും മരണക്കണക്കിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 19,09,951 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 18,04,871 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 56022 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 49058 കോവിഡ് മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.