ചെങ്ങന്നൂർ : മകരവിളക്കിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. പമ്പ-ചെങ്ങന്നൂർ റൂട്ടിൽ 100 ബസ്സുകൾ സർവീസ് നടത്തും. നിലവിൽ 70 ബസ്സുകളാണുള്ളത്. കൂടാതെ 10 ബസ്സുകൾകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. മകരവിളക്കുദിവസമടുക്കുന്തോറും തിരക്കു വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ബസ്സുകൾ ആവശ്യപ്പെടുന്നത്. മകരവിളക്കുകണ്ട് മലയിറങ്ങുന്ന ഭക്തരുടെ മടക്കയാത്രയ്ക്കായി 800 ബസ്സുകളാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്. ഇതിൽ 100 ബസ്സുകൾ ചെങ്ങന്നൂർ റൂട്ടിലായിരിക്കും. തിരക്കുകൂടിയാൽ കൂടുതൽ ബസ്സുകൾ സർവീസിനയക്കും. മകരവിളക്കിനോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽനിന്നു ഭക്തരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നുണ്ട്. റെയിൽവേ മകരവിളക്ക് സ്പെഷ്യൽ തീവണ്ടികൾ ഓടിച്ചേക്കുമെന്നു സൂചനയുണ്ട്.
ഈ സാഹചര്യത്തിൽ ഇപ്പോഴുള്ള ബസ്സുകൾ മതിയാകില്ല. കൂടുതൽ ബസ്സുകൾ അടുത്തദിവസംതന്നെ എത്തിയേക്കുമെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നത്. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള തീവണ്ടികളുടെ സമയത്തിനനുസരിച്ചാണ് ബസ്സുകൾ ക്രമീകരിക്കുന്നത്. ചെന്നൈ സ്പെഷ്യലിൽ വരുന്ന തീർഥാടകർക്കായി 18 ബസ്സുകൾ തയ്യാറാക്കി നിർത്തുന്നുണ്ട്. ചെന്നൈ മെയിലിന് 14 മുതൽ 16 ബസ്സുകളും. ബംഗളൂരു -കന്യാകുമാരി, ശബരി എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളിലെത്തുന്ന തീർഥാടകർക്കും ബസ്സുകൾ ക്രമീകരിക്കുന്നുണ്ട്.