ശബരിമല : മകരവിളക്ക് ഉത്സവ ദിവസങ്ങളില്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ശബരിമല എ.ഡി.എം അരുണ്‍ എസ്. നായര്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെയും ഉന്നതതല യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 12 മുതല്‍ 14 വരെ വെര്‍ച്വല്‍ ക്യൂ യഥാക്രമം അറുപതിനായിരം, അമ്പതിനായിരം, നാല്‍പ്പതിനായിരം എന്നിങ്ങനെ നിജപ്പെടുത്തും. ഈ ദിവസങ്ങളിലേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്നലെ മുതല്‍ സ്‌പോട്ട് ബുക്കിങ് 5000 ആണ്. 13 വരെ 5000 ആയും 14 ന് 1000 ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ മുതല്‍ സ്‌പോട്ട് ബുക്കിങ് പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 10 കൗണ്ടറുകള്‍ നിലയ്ക്കലില്‍ ആരംഭിക്കുന്നുണ്ട്. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് ഇല്ലാത്തവര്‍ നിലയ്ക്കല്‍ ഇറങ്ങി സ്‌പോട്ട് ബുക്കിങ് ചെയ്ത ശേഷം പമ്പയിലേക്ക് വരണം. പമ്പ ഹില്‍ ടോപ്പിലെ വാഹന പാര്‍ക്കിംഗിലും മകരവിളക്കുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഉണ്ട്. 12 ന് രാവിലെ എട്ടു മുതല്‍ 15 ന് ഉച്ച കഴിഞ്ഞ് രണ്ടു മണി വരെ ഹില്‍ടോപ്പിലെ പാര്‍ക്കിങ് അനുവദിക്കില്ല. അടിയന്തിര പ്രാധാന്യമുള്ള വാഹനങ്ങള്‍, മകരവിളക്ക് കഴിഞ്ഞ് ഇറങ്ങുന്ന ഭക്തരെ കൊണ്ടുപോകാനുള്ള കെ.എസ്.ആര്‍.ടി.സിയും മാത്രമാണ് അനുവദിക്കുക. ഈ ദിവസങ്ങളില്‍ ഭക്തരുടെ വാഹനങ്ങള്‍ ചാലക്കയം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങിന് സൗകര്യം ഒരുക്കും.