കയ്പമംഗലം(തൃശ്ശൂര്‍ ): പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കത്തി നശിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പത്തനംതിട്ട സ്വദേശികളായ അഞ്ച് പേര്‍ വയനാട് പോയി തിരിച്ച് തിരുവല്ലയിലേക്ക് വരുന്നതിനിടെയാണ് അപകടം. ദേശീയപാത 66 ല്‍ പെരിഞ്ഞനം പഞ്ചായത്ത് വളവില്‍ നിയന്ത്രണം വിട്ട സ്കോര്‍പിയോ കാര്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ പരിക്കേറ്റയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. തീ ആളിക്കത്തിയതോടെ ട്രാന്‍സ്ഫോര്‍മറിനും തീ പിടിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
കാറിലുണ്ടായിരുന്ന പത്തനംതിട്ട കുമ്പനാട് കൊളിന്‍സ് വിനോജ് (21) എന്നയാള്‍ക്ക് തലക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട സ്വദേശികളായ ജസ്റ്റിന്‍.കെ.ജോണ്‍സണ്‍ (25), ബിജോ (23), ജോയല്‍ (21), ടിറ്റു.എം.ജോണ്‍ (28) എന്നിവര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.