റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉതിമൂട്ടിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി കനത്ത നാശനഷ്ടം. അപകടത്തില്‍ ആളപായമില്ല. ഉതിമൂട് മംഗലത്ത് തോമസ് സാമുവേലിന്റെ വീട്ടിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. വീടിന്റെ മതിലും പോർച്ചിൽ കിടന്ന കാറും ഇടിയുടെ ആഘാതത്തില്‍ തകർന്നിട്ടുണ്ട്. കോന്നി സ്വദേശി രാജേഷ് ഓടിച്ച കാർ ആണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്. കാശ്മീരിൽ നിന്നുമുള്ള മടക്കയാത്രയിൽ യാത്രക്കാരെ കൊച്ചിയിലിറക്കിയ ശേഷം കോന്നിയിലേക്ക് പോകും വഴിയായിരുന്നു അപകടം.
ഇന്ന് വെളുപ്പിന് 4 മണിക്കായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു. വീടിന്റെ മതിൽ, കാർ, പോർച്ച് ഇവയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ട്. ഈ സ്ഥലത്ത് നിയന്ത്രണം വിട്ട് വാഹനം വീടുകളിലേക്ക് ഇടിച്ചു കയറുന്നത് ഇത് രണ്ടാം തവണയാണ്. ഏതാനും മീറ്ററുകൾക്കപ്പുറം കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ അപകടം ഉണ്ടായിരുന്നു. രാത്രിയിലൊ പുലർച്ചയൊ ആണ് ഇത്തരം അപകടങ്ങൾ കൂടതലും ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കൂടതലും ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.