കൊച്ചി: ഇന്ത്യയുടെ സമുദ്രമത്സ്യമേഖലയിൽ നിന്നുള്ള കാർബൺ നിർഗമനം ആഗോളതലത്തിലുള്ളതിനേക്കാൾ വളരെ കുറവാണെന്ന് പഠനം. കടലിൽ നിന്നും ഒരു ടൺ മീൻ ഉൽപാദിപ്പിക്കുന്നതിന് 1.32 ടൺ കാർബൺ ഡയോക്സൈഡാണ് ഇന്ത്യ പുറത്തുവിടുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ആഗോളതലത്തിൽ ഇത് രണ്ട് ടണ്ണിൽ കൂടുതലാണ്. മീൻപിടുത്തത്തിനായുള്ള മുന്നൊരുക്കം മുതൽ മത്സ്യം വിപണിയിലെത്തുന്നത് വരെയുള്ള പ്രവൃത്തികളിലൂടെ അന്തരീക്ഷത്തിലെത്തുന്ന കാർബൺ വാതകങ്ങളുടെ കണക്കാണിത്.
കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐ നടത്തുന്ന നിർണായക പഠനമാണിത്. ആഗോള തലത്തിലുള്ളതിനേക്കാൾ 16.3 ശതമാനം കുറവാണ് ദേശീയതലത്തിൽ ഇന്ത്യയിലെ യന്ത്രവൽകൃത മത്സ്യബന്ധനത്തിൽ നിന്നുള്ള കാർബൺ നിർഗമനമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.
കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികൾ കുറയ്ക്കുന്നതിനായി ദേശീയ കാർഷിക ഗവേഷണ കേന്ദ്രം (ഐസിഎആർ) നടപ്പിലാക്കുന്ന വിവിധ ഗവേഷണ സ്ഥാപനങ്ങൾ പങ്കാളികളായ നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) ഗവേഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി സിഎംഎഫ്ആർഐയിൽ ചേർന്ന അവലോകന യോഗത്തിലാണ് സിഎംഎഫ്ആർഐ ഈ കണക്കുകൾ അവതരിപ്പിച്ചത്.
രാജ്യത്തെ എല്ലാ തീരദേശസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുത്ത മത്സ്യബന്ധന കേന്ദ്രങ്ങളിൽ സമുദ്രമത്സ്യോൽപാദനത്തിന്റെ ഭാഗമായി വർത്തിക്കുന്ന എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് സിഎംഎഫ്ആർഐ പഠനം നടത്തിയത്. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ കുറയ്ക്കുന്നതിനും ബദൽമാർഗങ്ങൾ ആരായുന്നതിനുമായാണ് നിക്ര ഗവേഷണ പദ്ധതിക്ക് ഐസിഎആർ തുടക്കമിട്ടത്. ഇതിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട സിഎംഎഫ്ആർഐ ഉൾപ്പെടെയുള്ള അഞ്ച് ഗവേഷണ സ്ഥാപനങ്ങളും രണ്ട് സർവകലാശാലകളും നടത്തുന്ന പഠനത്തിന്റെ അവലോകന യോഗമാണ് സിഎംഎഫ്ആർഐയിൽ നടന്നത്.
ചുഴലിക്കാറ്റിന്റെ തീവ്രതയിലുള്ള വർധനവ്, സമുദ്രനിരപ്പ് ഉയരൽ, സമുദ്രോപരിതല ഊഷ്മാവിന്റെ വർധനവ് തുടങ്ങിയ പ്രതിഭാസങ്ങൾ സമുദ്ര ആവാസവ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്ന് സിഎംഎഫ്ആർഐയുടെ പഠനപ്രവർത്തനങ്ങൾ അവതരിപ്പിച്ച ഡോ ഗ്രിൻസൻ ജോർജ് പറഞ്ഞു. പല മത്സ്യങ്ങളും കുറയാനും പുതിയ ചിലയിനങ്ങൾ വൻ തോതിൽ കൂടുന്നതിനും ഇത് കാരണമായിട്ടുണ്ട്.
തീരദേശ കെടുതികൾ
ചുഴലിക്കാറ്റ് സാധ്യത, പ്രളയ സാധ്യത, കടൽതീരങ്ങളിലുണ്ടാകുന്ന മാറ്റം, ഉഷ്ണ തരംഗം, സമുദ്രനിരപ്പ് ഉയരൽ എന്നിവ തീരദേശമേഖലയിൽ കാലവസ്ഥാവ്യതിയാനത്തിന്റെ പ്രധാന വിപത്തുകളായി സിഎംഎഫ്ആർഐ കണ്ടെത്തിയിട്ടുണ്ട്. ഇവ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ തീരദേശജില്ലകളിലെയും കാലാവസ്ഥാകെടുതികൾ കൃത്യമായി അടയാളപ്പെടുത്തുന്ന സമഗ്ര ഭൂപടം തയ്യാറാക്കിവരികയാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി മത്സ്യ വിപണന ശൃംഖലയിൽ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സീഫുഡ് വിപണനവുമായി ബന്ധപ്പെട്ട് നയപരമായ ഉപദേശം നൽകുന്നതിനും പുതിയ മത്സ്യയിനങ്ങളെകുറിച്ച് ഉപഭോക്താക്കളെ ബോധവൽകരിക്കുന്നതിനും സിഎംഎഫ്ആർഐക്ക് പദ്ധതിയുണ്ട്.
ഉഷ്ണതരംഗം ഭൂഗർഭജലത്തെ ബാധിക്കുന്നു
ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ എസ് കെ ചൗധരി അധ്യക്ഷത വഹിച്ചു. ചൂട് വർധിക്കുന്നതും ഉഷ്ണതരംഗവും ഭൂഗർഭജലലഭ്യതയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമിതമായി ഭൂഗർഭജലത്തെ ആശ്രയിക്കുന്നത് മണ്ണിൽ ഉപ്പിന്റെ സാന്നിധ്യം കൂടാൻ കാരണമാകുന്നു. കാർഷിക വൃത്തി പോലെയുള്ള ഭക്ഷ്യോൽപാദന മേഖലയെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിക്ര ഗവേഷണ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ശാസ്ത്രജ്ഞർ പഠനത്തിലെ കണ്ടെത്തലുകൾ അവതരിപ്പിച്ചു. നിക്ര വിദഗ്ധ സമിത അധ്യക്ഷൻ ഡോ ബി വെങ്കടേശ്വരുലു, അംഗം ഡോ കെ കെ വാസ്, ഡോ വി കെ സിംഗ്, ഡോ എം പ്രഭാകർ എന്നിവർ സംസാരിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.