അമരാവതി : ചീട്ട് കളിയെത്തുടര്‍ന്ന് ഒറ്റയടിക്ക് കൊവിഡ് പകര്‍ന്നത് 24 പേര്‍ക്ക്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ലോക്ക്ഡൗണിനെത്തുടര്‍ന്ന് വെറുതെ ഇരിക്കുന്നതിലെ ബോറടി മാറ്റാനായി ലോറി ഡ്രൈവർമാരും സുഹൃത്തുക്കളും ചേര്‍ന്ന നടത്തിയ ചീട്ടുകളിയാണ് ഒറ്റയടിക്ക് ഇത്രയും പേര്‍ക്ക് രോഗപ്പകര്‍ച്ചയ്ക്ക് ഇടയാക്കിയത്.
വിജയവാഡയ്ക്ക് സമീപം കൃഷ്ണലങ്കയിലാണ് വിവാദ ചീട്ടുകളി നടന്നത്. നേരംപോക്കിനായി ലോറി ഡ്രൈവർമാര്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയുമെല്ലാം കൂട്ടി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടു. 24 പേരുണ്ടായിരുന്ന സംഘത്തില്‍ എല്ലാവര്‍ക്കും വൈറസ് ബാധയുണ്ടായി. വിജയവാഡയ്ക്ക് അടുത്ത് മറ്റൊരു പ്രദേശത്തും സമാനമായ സംഭവത്തില്‍ 15 പേര്‍ക്കും ഒറ്റയടിക്ക് വൈറസ് ബാധയുണ്ടായതായി കൃഷ്ണ ജില്ലാ കളക്ടര്‍ എ. മുഹമ്മദ് ഇംതിയാസ് പറഞ്ഞു.
ഇതിനു സമാനമായ സംഭവം കര്‍മികനഗറിലും ഉണ്ടായി. കൊറോണ വൈറസ് ബാധയുണ്ടായിരുന്ന ലോറി ഡ്രൈവർ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെ തുടര്‍ന്ന് 15 പേര്‍ക്കാണ് വൈറസ് പകര്‍ന്നത്. രണ്ടു സംഭവത്തിലുമായി ഏതാനും ദിവസങ്ങള്‍ക്കിടയില്‍ 40 ഓളം പേര്‍ക്കാണ് വൈറസ് ബാധിച്ചതെന്ന് കളക്ടര്‍ പറഞ്ഞു.
ആന്ധ്രാപ്രദേശിലെ പ്രധാന കൊവിഡ് ഹോട്ട്സ്‌പോട്ടാണ് വിജയവാഡ. 100ല്‍ അധികം കേസുകളാണ് ഇവിടെ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 പുതിയ കൊറോണ വൈറസ് ബാധ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.