ഡൽഹി : രാജ്യത്ത് ട്രെയിൻ അപകടങ്ങൾ തുടർക്കഥയാവുന്നതിന്റെ പശ്ചാത്തലത്തിൽ 2023ൽ നടന്ന ട്രെയിൻ ദുരന്തത്തിൻ്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്കോ പൈലറ്റുകൾ മൊബൈൽ ഫോണിൽ ക്രിക്കറ്റ് മാച്ച് കണ്ടതാണ് അന്നത്തെ ട്രെയിൻ ദുരന്തത്തിന് കാരണമായതെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. 14 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തം നടന്നത് ഒക്ടോബർ 29നാണ്. രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് പുതിയ സുരരക്ഷാ മാനദണ്ഡങ്ങൾ പരിചയപ്പെടുത്തുന്നതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.
2023 ഒക്ടോബർ 29ന് ആന്ധ്ര പ്രദേശിലാണ് രാത്രി ഏഴു മണിയോട് കൂടിയാണ് സംഭവം. രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. അപകടത്തിൽ 14പേരാണ് മരിച്ചത്. 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അടുത്തിടെ ആന്ധ്രാ പ്രദേശിലുണ്ടായ ട്രെയിൻ ദുരന്തത്തിന് കാരണമായത് രണ്ടു ലോക്കോ പൈലറ്റുകളും മൊബൈൽ ഫോണിൽ ക്രിക്കറ്റ് മാച്ച് കണ്ടതായിരുന്നുവെന്ന് മന്ത്രി പറയുന്നു. ജോലി സമയത്ത് ലോക്കോ പൈലറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ആപ്പുകൾ നിർമിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.