റാഞ്ചി: ജാര്‍ഖണ്ഡില്‍ നവജാതശിശുവിനെ ചവിട്ടിക്കൊന്നതിന് 6 പോലീസുകാര്‍ക്കെതിരെ കേസ്. വീട്ടില്‍ പരിശോധന നടത്താനെത്തിയ പോലീസ് നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന സംഭവത്തിലാണ് പോലീസുകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ആറ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ പ്രതികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
ജാര്‍ഖണ്ഡിലെ കൊസൊഗോണ്ടോദിഖി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം വീട്ടില്‍ പരിശോധനക്കെത്തിയ പോലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ ചവിട്ടിക്കൊന്നുവെന്നാണ് ആരോപണം. കേസിലെ പ്രതിയായ മുത്തച്ഛന്‍ ഭൂഷണ്‍ പാണ്ഡെയെ തിരഞ്ഞാണ് പോലീസ് വീട്ടിലെത്തിയത്. കുഞ്ഞ് വീട്ടിനകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. പരിശോധന കഴിഞ്ഞ് പോലീസുകാര്‍ തിരികെ പോയ ശേഷം കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാല് ദിവസം പ്രായമുള്ള കുഞ്ഞിന്റെ പ്ലീഹ വിണ്ടുകീറിയതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.