കണ്ണൂര്‍ : മണിക്കല്ലില്‍ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ പോലീസ് കേസ് എടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറെക്കടവിലിനെതിരെയാണ് കേസ്. മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ പ്രസംഗം. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ രീതിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്.
ഹലാല്‍ അടക്കമള്ള വിഷയങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെയും കൂടാതെ മുഹമ്മദ് നബിക്കെതിരെയും മോശമായ ഭാഷയില്‍ സംസാരിച്ചു. പ്രസംഗത്തിന് ശേഷം നിരവധി വിമര്‍ശനങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നിരുന്നു. മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചില്‍ കുട്ടികള്‍ക്ക് മതപഠനം നടത്തുന്ന ആള്‍ കൂടിയാണ് ഫാദര്‍ ആന്റണി തറെക്കടവില്‍. ഉളിക്കല്‍ പോലീസ് ആണ് കേസ് എടുത്തത്. സ്വമേധയാണ് പോലീസ് കേസെടുത്തത്. 153 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ വൈദികന്‍ തയ്യാറായിട്ടില്ല.