തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് പെണ്‍കുട്ടിയെ നടുറോഡില്‍ മര്‍ദിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ചെങ്കോട്ടുകോണം സ്വദേശി ദീപുവിനെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ നാലംഗ സംഘം ആക്രമിച്ചത്. പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്ന് മൂന്നാഴ്ചക്ക് ശേഷമാണ് കേസിലെ മൂന്നാം പ്രതി അറസ്റ്റിലായത്. ചെങ്കോട്ടുകോണം സ്വദേശി ദീപു കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ മർദിച്ച കേസിലും 2010-ൽ കാട്ടായിക്കോണത്തു നടന്ന കൊലക്കേസിലും പ്രതിയാണ്. കോവളം, വിഴിഞ്ഞം, കഴക്കൂട്ടം സ്റ്റേഷനുകളിലും പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുത്തു. സ്കൂള്‍ വിട്ട് വിട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ പിന്തുടര്‍ന്നെത്തിയ സംഘം മുടി വെട്ടിയത് പറഞ്ഞ് കളിയാക്കി. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു മര്‍ദനം. ആക്രമണത്തിൽ കുട്ടിയുടെ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റിരുന്നു. നാട്ടുകാരെത്തുമ്പോഴേക്കും ബൈക്കുമായി സംഘം കടന്നു കളഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് രണ്ട് പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്തു. പിരപ്പൻകോട് സ്വദേശി അരുണ്‍ പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. നിയമസഭയിലടക്കം ചര്‍ച്ചയായ കേസില്‍ ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.