കണ്ണൂർ : കണ്ണൂർ മയ്യിലിൽ വിദ്യാർത്ഥികളെ ലൈംഗികമായി അതിക്രമിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവിനെ റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് പ്രശാന്തനെ കണ്ണൂർ പോക്സോ കോടതി റിമാൻഡ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രശാന്തൻ പോലീസില്‍ കീഴടങ്ങുകയായിരുന്നു. രണ്ടര മാസം മുമ്പാണ് പ്രശാന്തൻ സ്വന്തം വീട്ടിൽ ആരുമില്ലാത്ത സമയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വിളിച്ചു വരുത്തിയത്.
ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങിയതോടെ കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. രണ്ടാഴ്ചകൾക്ക് ശേഷം പ്രദേശത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയെയും ഇയാൾ സമാനമായി പീഡിപ്പിക്കാൻ ശ്രമിച്ചു. പ്രശാന്തന്റെ അതിക്രമങ്ങൾ അറിഞ്ഞ നാട്ടുകാരനാണ് ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസം മുമ്പ് മയ്യിൽ പോലീസ് പ്രശാന്തനെതിരെ പോക്സോ കേസ് എടുത്തത്. ഇതോടെ പ്രശാന്തൻ ഒളിവിൽ പോയി. സംഭവം വാർത്തയായതോടെ പ്രശാന്തൻ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുള്ള പ്രശാന്തൻ നിർമ്മാണതൊഴിലാളിയാണ്. പോക്സോ കേസ് എടുത്തതിന് പിന്നാലെ ഇായാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.