കൊച്ചി : പ്രായപൂർത്തിയാകാത്ത 14 കാരിയായ മലയാളി പെൺകുട്ടിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ച് പ്രതികൾക്ക് ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപര്യന്തം. പെരുമ്പാവൂർ സ്പെഷ്യൽ (പോക്സോ) കോടതിയാണ് ശിക്ഷവിധിച്ചത്. 40 വർഷത്തെ തടവിനും വിധിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഫർഹദ് ഖാൻ, ഹാരൂൺ ഖാൻ, ആഷു, ഫയിം, ഷാഹിദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഏലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2020-ൽ കൊവിഡിൻറെ സമയത്തായിരുന്നു സംഭവം. ഹിന്ദി ഭാഷ നന്നായി സംസാരിച്ചിരുന്ന പെൺകുട്ടിയെ സിം കാർഡ് എടുത്ത് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ സമീപിച്ചത്. തുടർന്ന് പെൺകുട്ടിയെ തനിച്ചും സംഘം ചേർന്നും പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടു പോയി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു.
ഹാരൂൺഖാനിന് ഒരു കേസിൽ 40 വർഷത്തെ കഠിന തടവിനും 50,000രൂപ പിഴയും വിധിച്ചു. ഫർഹദ് ഖാനെ ഒരു കേസിൽ കുറ്റവിമുക്തനാക്കുകയും മറ്റ് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 60 വർഷത്തെ കഠിന തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. ഷാഹിദ് ഖാന് ഒരു കേസിൽ ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആഷുവിന് ഒരു കേസിൽ 40 വർഷത്തെ കഠിന തടവും 50,000രൂപ പിഴയുമാണ് വിധിച്ചത്.
ഫയീമിന് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. അഞ്ച് കുറ്റപത്രങ്ങളിൽ വിചാരണ പൂർത്തിയാക്കിയാണ് പ്രതികളെ ശിക്ഷിച്ചത്.