കോഴിക്കോട്: കേരള ബി.ജെ.പിയിൽ ജാതിവിവേചനം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി.ജെ.പിയിൽ പിന്നാക്കക്കാരൻ സ്ഥാനാർത്ഥിയായി നിന്നാൽ ഒറ്റ സവർണനും വോട്ട് ചെയ്യില്ല. ഇവിടെയുള്ള ബി.ജെ.പിക്കാർ പിന്നാക്കവിരോധികളാണ്. പിന്നാക്കക്കാരെ വിശ്വാസത്തിലെടുക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.’അഞ്ച് സീറ്റ് ലഭിക്കുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് എന്നോട് പറഞ്ഞത്. അദ്ദേഹം ഇവിടെ വന്നിരുന്നു. ഉള്ളുതുറന്നുള്ള സത്യങ്ങളെല്ലാം ഞാൻ പറഞ്ഞു. കേരളത്തിൽ ബി.ജെ.പി ഭരിക്കാൻ വളരെ പ്രയാസമാകുമെന്ന് ഞാൻ പറഞ്ഞു.’-അദ്ദേഹം വെളിപ്പെടുത്തി.
‘ആദിവാസി തൊട്ട് നമ്പൂതിരി വരെയുള്ളവരുടെ കൂട്ടായ്മ വേണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. നായാടി തൊട്ട് നമ്പൂതിരി വരെയുള്ള ഹിന്ദുക്കളുടെ കൂട്ടായ്മ. എന്നാൽ, ഞങ്ങളെ ആരും ഹിന്ദുവായി കൂട്ടാറില്ല. ഹിന്ദുവായി പറഞ്ഞുനടക്കുന്നവരാരും ഞങ്ങളെ ഹിന്ദുക്കളായി കൂട്ടാറില്ല. വല്ല പിരിവിനും വരുമ്പോൾ ഞങ്ങൾ ഹിന്ദുക്കളാണ്. ഹിന്ദുക്കളുടെ ഒരു സമ്മേളനം നടത്തിയാൽ അവിടെയൊന്നും ഞങ്ങളുടെ ആളോ, ഞങ്ങളുടെ ആളുകളുടെ പേരോ കാണില്ല. ബി.ജെ.പി ഇവിടെ ഒരുപാട് തട്ടുകളിലാണുള്ളതെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. ഇവിടെ ബി.ജെ.പിയിൽ ഒരു പിന്നാക്കക്കാരൻ സ്ഥാനാർത്ഥിയായി നിന്നാൽ ഒറ്റ സവർണനും വോട്ട് ചെയ്യില്ല. ആ വോട്ടൊക്കെ എവിടെപ്പോകുന്നു? ഇന്നും ജാതിവിവേചനം ശക്തമായി കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.