പത്തനംതിട്ട : കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ വൈകുന്നതിനെതിരെ ജൂലായ് ആറിന് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ തൊഴില്‍ മേഖലകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേറ്ററിംഗ് മേഖലയോട് മാത്രം സര്‍ക്കാരിന്റെ അവഗണന തുടരുകയാണ്.
ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് കേറ്ററിംഗ് നടത്താന്‍ അനുവദിക്കണം. കേറ്ററിംഗ് രംഗത്തുള്ളവര്‍ക്ക് ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കണം. വായ്പ തിരിച്ചടവ് തുടങ്ങുന്നതിന് ആറ് മാസത്തെ സാവകാശം അനുവദിക്കണം. ചെറുകിട വ്യാപര മേഖലയില്‍ ഉള്‍പ്പെടുത്തി ഈ രംഗത്തുള്ള തൊഴിലാളികള്‍ക്കും ക്ഷേമനിധി സൗകര്യം ലഭ്യമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജൂലായ് ആറിന് സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ ഇരുപ്പ് സമരവും മറ്റ് ജില്ലകളില്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകള്‍ക്ക് മുമ്പില്‍ നില്‍പ്പ് സമരവും നടത്തും. ഭക്ഷണ വിതരണത്തിന് അനുമതി നിഷേധിക്കുമ്പോള്‍ മദ്യ വിതരണത്തിന് അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ സമരം സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മനോജ് മാധവശേരില്‍, ജില്ലാ പ്രസിഡന്റ് പ്രശാന്ത് കുമാര്‍, വി.ആര്‍. പുഷ്പരാജ്, അജി ക്രിസ്റ്റി എന്നിവര്‍ പറഞ്ഞു.