കൊച്ചി: ക്രൈസ്തവ സഭകളുടെ പേരില്‍ വര്‍ഗീയ വിദ്വേഷവും മുസ്ലിം വിരുദ്ധതയും വളര്‍ത്താന്‍ ആസൂത്രിത ശ്രമം നടത്തുന്ന സംഘടനകള്‍ക്കെതിരെ പ്രതിഷേധം ശക്തം. ക്രിസ്ത്യന്‍ വിശ്വാസി സമൂഹത്തിന്റെ പ്രതിനിധികളെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ നടപടിയെ വിവിധ സഭാ നേതൃത്വങ്ങള്‍തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
പ്രവര്‍ത്തനത്തില്‍ ഏറെ ദുരൂഹതയുള്ള സംഘടനകള്‍ അങ്ങേയറ്റം പ്രകോപനപരവും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന വിധത്തിലുമുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്നത്.ഇന്റര്‍ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ എന്ന സംഘടന ഹലാല്‍ ഉല്പന്നങ്ങള്, പള്ളികളിലെ ബാങ്കുവിളി എന്നീ വിഷയങ്ങളില്‍ വര്‍ഗീയത നിറഞ്ഞ പരാമര്‍ശങ്ങളടങ്ങിയ പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.
ക്രിസ്മസിന് ഹലാല്‍ മാംസം വില്‍ക്കുന്ന ഇറച്ചിക്കടകള്‍ ബഹിഷ്കരിക്കണമെന്നും പള്ളികളില്‍ കോളാമ്പി വെച്ച് ഉച്ചത്തില്‍ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്നുമായിരുന്നു പ്രസ്താവനയിലെ ആവശ്യം. ജോര്‍ജ് മാത്യു എന്നയാളുടെ പേരിലുള്ള പ്രസ്താവനയുടെ താഴെ 12 ക്രൈസ്തവ സഭകളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇത്തരമൊരു സംഘടനയുമായി ബന്ധമില്ലെന്നും സംഘടന നിലപാടുകളെ ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും സിറോ മലബാര്‍ സഭ നേതൃത്വം വ്യക്തമാക്കി.
ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍, കാസ, ക്രോസ് തുടങ്ങിയ പേരുകളിലുള്ള സംഘടനകള്‍ തങ്ങളുടെ അജണ്ടകള്‍ നിറവേറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ മുന്‍കൈ എടുത്ത് രൂപവത്കരിച്ചതാണെന്ന് സംശയിക്കുന്നതായി അല്മായ കൂട്ടായ്മയായ സഭാ സുതാര്യ സമിതി (എ.എം.ടി) ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു.
ഈ സംഘടനകളെല്ലാം ആര്.എസ്.എസ് മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കുന്നതും ബി.ജെ.പിയോട് ആഭിമുഖ്യം പുലര്‍ത്തുന്നതും സംശയകരമാണ്. ഇന്റര്‍ ചര്‍ച്ച് ലൈറ്റി കൗണ്‍സില്‍പോലുള്ള സംഘടനകള്‍ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് നിഗൂഢ ലക്ഷ്യത്തോടെയാണ്. ഇത്തരം സംഘടനകളെയും നിലപാടുകളെയും കെ.സി.ബി.സി തള്ളിപ്പറയണമെന്നും എ.എം.ടി ആവശ്യപ്പെട്ടു.