ആലപ്പുഴ: കൊമ്മാടി ബൈപ്പാസിന് സമീപത്തുനിന്ന് എക്സൈസും പോലീസും ചേർന്ന് യുവാവിനെ എംഡിഎംഎയുമായി പിടികൂടി. ആലപ്പുഴ പവർഹൗസ് വാർഡ് പൂങ്കാട്ട് വീട്ടിൽ ഷാജഹാന്റെ മകൻ അൻഷാദ് (37) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്നും വീട്ടിൽനിന്നുമായി ആകെ 26.88 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കഴിഞ്ഞമാസം അവസാനം 150 ഗ്രാം എംഡിഎംഎയുമായി പിടിയിലായ അൻഷാദ് ജാമ്യത്തിലിറങ്ങി 12 ദിവസത്തിന് ശേഷമാണ് വീണ്ടും പോലീസിന്റെ പിടിയിലാകുന്നത്.
ജാമ്യത്തിലിറങ്ങിയ ദിവസം മുതൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വിൽപ്പനയ്ക്കായി വീടിന് പുറത്തേക്ക് പോകുന്നതിനിടെ പിന്തുടർന്നാണ് പോലീസ് അൻഷാദിനെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് ആദ്യം 1.38 ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ 25.5 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. ജില്ലയിലെ നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അൻഷാദ്.































