ന്യൂഡൽഹി: സി.ബി.ഐ കൂട്ടിലടച്ച തത്തയാകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. നിയമവാഴ്ചയുള്ള ജനാധിപത്യ സംവിധാനത്തിൽ കാഴ്ചപ്പാട് പ്രധാനമാണ്. സീസറിന്റെ ഭാര്യയെപ്പോലെ അന്വേഷണ ഏജൻസിയും സംശയത്തിനതീതമായിരിക്കണം. സി.ബി.ഐയെ സുപ്രീംകോടതി കൂട്ടിലെ തത്തയോടുപമിച്ചിട്ട് ഏറെ കാലമായില്ല. അതിനാൽ കൂട്ടിലെ തത്തയെന്ന തോന്നൽ സി.ബി.ഐ ഇല്ലാതാക്കേണ്ടതുണ്ട്. കൂട്ടിലടക്കാത്ത തത്തയാണെന്ന കാഴ്ചപ്പാട് സി.ബി.ഐ സൃഷ്ടിക്കേണ്ടതുമുണ്ട്. 2023 മാർച്ചിൽ ചോദ്യംചെയ്തിട്ടും കേസെടുത്ത് 22 മാസമായിട്ടും
സി.ബി.ഐക്ക് കെജ്രിവാളിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിരുന്നില്ല. എന്നാൽ ഇ.ഡി അറസ്റ്റ് ചെയ്തപ്പോഴാണ് സി.ബി.ഐ മുന്നോട്ടുവന്നത്. അറസ്റ്റ് ചെയ്ത സമയം നോക്കുമ്പോൾ ഇ.ഡി കേസിലെ ജാമ്യം വിഫലമാക്കാനാണിതെന്ന് വ്യക്തമാകുമെന്നും ജസ്റ്റിസ് ഭുയാൻ കുറ്റപ്പെടുത്തി. സി.ബി.ഐ അറസ്റ്റ് ചെയ്ത ജൂൺ 26ന് കെജ്രിവാളിനെ സി.ബി.ഐ കേസിൽ പ്രതിയാക്കിയിട്ടുപോലുമില്ല. ഇ.ഡി കേസിൽ ജാമ്യം ലഭിച്ച കെജ്രിവാളിനെ വീണ്ടും തടവിലാക്കിയത് നീതിയോടുള്ള പരിഹാസമാണെന്നും ജസ്റ്റിസ് ഭുയാൻ അറിയിച്ചു.