ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സി ബി എസ് ഇ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച തീരുമാനം രണ്ടാഴ്‌ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതര്‍ വ്യക്തമാക്കുന്നത്. നിലവിലെ അന്തരീക്ഷത്തില്‍ പരീക്ഷ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ മാര്‍ക്ക് എങ്ങനെ നല്‍കണമെന്ന കാര്യത്തിലും സി ബി എസ് ഇ തീരുമാനമെടുക്കേണ്ടതുണ്ട്. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോള്‍ ഇതുവരെയുള്ള പ്രകടന മികവ് അടിസ്ഥാനമാക്കി മാര്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ തൃപ്‌തിയില്ലെങ്കില്‍ പരീക്ഷ എഴുതാമെന്നായിരുന്നു സി ബി എസ് ഇ നല്‍കിയ നിര്‍ദേശം.
നേരത്തെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഏപ്രില്‍ മാസം നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ സി ബി എസ് ഇ നീട്ടിവച്ചത്. ജൂണ്‍ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കുമെന്നായിരുന്നു ബോര്‍ഡ് അറിയിച്ചിരുന്നത്. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നും അധികൃതര്‍ അന്നു പറഞ്ഞിരുന്നു.